Thursday, May 2, 2013

അബുദാബിയിലെ മഴ

വല്ലപ്പോഴും മാത്രം അപ്രതീക്ഷിതമായി വിരുന്നിനെത്തിയിരുന്ന അതിഥിയായിരുന്നു ഇവിടെ മഴ . എന്നാല്‍ ഇപ്പോള്‍ കഥ മാറി , ചാറിയും,  ചൊരിഞ്ഞും അവള്‍ മിക്കവാറും കൂടെത്തന്നെയുണ്ട്  കുറച്ചു ദിവസങ്ങളായി ഈ മരുഭൂമിയിലും... 
മഴയെ സ്നേഹിക്കുന്നവരില്‍ ഒരു ഉണര്‍ത്തു പാട്ടായി ...  
ചില്ലു ജാലകങ്ങളില്‍ ചരലുകള്‍ വാരിയെറിയുന്നപോലുള്ള  ഒച്ചയുമായി എത്തി , വെള്ളത്തുള്ളികളായി ഒലിച്ചിറങ്ങുന്നത് വെറുതെ നോക്കിയിരിക്കാന്‍ നല്ല രസമാണ്. 





മഴയില്‍ നനഞ്ഞു പോയ ഒരു സായാഹ്നം.........




മഴയെ സ്നേഹിക്കുമ്പോഴും മഴയുടെ മുന്നൊരുക്കങ്ങളായ കാര്‍മേഘങ്ങളും ചെറിയ കാറ്റും ഒക്കെ മനസ്സില്‍ അകാരണമായ നൊമ്പരങ്ങളുടെ തിരമാലകള്‍ ഉയര്‍ത്തുന്നു പലപ്പോഴും.....
ആകാശത്തില്‍ കുംകുമം വിതറുന്ന അസ്തമയവും ,ചേക്കാറാന്‍ തിരക്കിട്ട് പറക്കുന്ന പക്ഷിയുടെ ചിറകടിയൊച്ചയും കൂകിപ്പായുന്ന തീവണ്ടിയും ഒക്കെ കുട്ടിക്കാലത്ത് മനസ്സില്‍ പടര്‍ത്തിയിരുന്ന  വിഷാദച്ഛവി  പോലെ ....
പ്രിയപെട്ടവരും ,  പ്രിയതരമായതും ഒക്കെ ഒരു നിമിഷംകൊണ്ട് മനസിലേക്ക് കടന്നു വരികയായി !!!!





      മഴയ്ക്ക്‌ ശേഷമുള്ള അസ്തമയകാഴ്ച .......

Wednesday, February 13, 2013

മൌനം മഴയായ്‌ ...

                                              

എനിക്കും നിനക്കുമിടയില്‍ നിറമൌനമായിരുന്ന
പ്രണയത്തെ ഞാന്‍ അറിയുന്നു 

പൊഴിയാതിരുന്ന  ഓരോ വാക്കും
വെണ്‍ശംഖില്‍ നിന്നുതിര്‍ന്ന തീര്‍ഥം പോലെ 
പവിത്രീകരിക്കപെട്ട പ്രാര്‍ത്ഥനയായിരുന്നു
പകര്‍ത്താതിരുന്ന ഓരോ അക്ഷരവും 
മാരിവില്ലിന്‍റെ സൌന്ദര്യം തുടിച്ചവയായിരുന്നു

ആ അക്ഷരങ്ങളൊക്കെയും ഒരു ചിമിഴിലാക്കി
ആരും കാണാതെ ഞാന്‍ ഒളിപ്പിച്ചു . 
പിന്നീടെപ്പോഴോ  വെറുമൊരു കുതൂഹലത്താല്‍
ചിമിഴ് തുറന്ന് നോക്കിയ എന്നെ വിസ്മയിപ്പിച്ചുകൊണ്ട്
അവിടെ അപ്രത്യക്ഷമായ അക്ഷരങ്ങള്‍ക്ക്പകരമായി
അതി മനോഹരമായ മയില്‍പീലി 
പ്രണയവര്‍ണ്ണങ്ങള്‍ ഒളിപ്പിച്ച്  പുഞ്ചിരിച്ചു !! 




ആര്‍ദ്രമായ മനസിന്‍റെ അതി ലോലതകളിലെവിടെയോ 
പീലിയുഴിഞ്ഞ്  ഓര്‍മ്മപെടുത്തലാവാന്‍ 
ഒരു പ്രണയദിനം  ആവശ്യമില്ല തന്നെ  !!
പ്രണയമാകുന്ന മഷി മാത്രം നിറച്ച തൂലികയില്‍
നിന്നും അടര്‍ന്നു വീഴാനിടയുള്ള അപ്രസക്തമായ,
ക്ലാവ് പിടിച്ച , പ്രണയ ജല്പനങ്ങള്‍ 
എന്നിലേക്ക് ഒഴുകിയെത്തും മുന്നേ
കാറ്റിനൊപ്പം, ജന്മാന്തരങ്ങള്‍ക്കപ്പുറത്തു
നിന്നായ്, എന്നെ തേടിയെത്താനിടയുള്ള
നിന്‍റെ വേണുനാദത്തില്‍ എനിക്ക് സ്വയമലിയണം..

ഭന്ജിക്കപ്പെടാതിരുന്ന നിറമൌനം
അന്ന് നമുക്ക് മുന്നില്‍ മഴത്തുള്ളികളായി പെയ്തു നിറയും .
അപ്പോഴും അരയാലിലകളില്‍, കളഭഗന്ധം അലിഞ്ഞു ചേര്‍ന്ന
കാറ്റ്  നൃത്തചുവട് വയ്ക്കുന്നുണ്ടാവും ...........


The whole writing is inspired by poem by sugathakumari . Pls click the link below .

Tuesday, May 29, 2012

മാധവിക്കുട്ടിക്ക് അക്ഷരങ്ങള്‍ കൊണ്ടൊരു പ്രണാമം



ഇനിയുമൊരു ജന്മത്തിലേക്കു കൂടിയുള്ള കൌതുകങ്ങള്‍ പങ്കു വച്ച് പ്രിയ കഥാകാരി യാത്രയായിട്ടു മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. ആത്മാവാകുന്ന കിളി ശരീരമാകുന്ന കൂടുപേക്ഷിച്ചു യാത്രയായിട്ടുണ്ടാവാം. പക്ഷെ മാധവിക്കുട്ടിയെ പോലെ അക്ഷരങ്ങളെടുത്ത് അനായാസമായി അമ്മാനമാടി നമ്മെ വിസ്മയിപ്പിച്ചവര്‍ എന്നും നമ്മോടൊപ്പം നമ്മുടെ ഓര്‍മകളില്‍ പൂത്തുലയുന്നു മരണമില്ലത്തവള്‍ മാധവിക്കുട്ടി/ കമല ദാസ്‌/ സുരയ്യ !

പലപ്പോഴും കടും നിറങ്ങളില്‍ ചാലിച്ച ഭാവനയില്‍ തൂലിക മുക്കി മാരിവില്ലിന്‍റെ മനോഹാരിതയോടെ അക്ഷരകൂട്ടുകള്‍ കൊണ്ട് അവര്‍ ചിത്രങ്ങള്‍ ഒരുക്കി. ആ അക്ഷരപടര്‍പ്പുകളിലൂടെ കടന്നു പോയപ്പോള്‍ ചിലപോഴൊക്കെ യാഥാര്‍ത്ഥ്യത്തിന്‍റെ, പൊള്ളുന്ന അനുഭവങ്ങളുടെ ഒക്കെ മുള്ളുകള്‍ കോറി നമ്മുടെ മനസിലും രക്തം പൊടിഞ്ഞു. മറ്റു ചിലപ്പോള്‍ കഥാകാരി വച്ചു നീട്ടിയ  നെയ്പായസത്തിന്‍റെ മധുരം കൊതിയോടെ നുണഞ്ഞു. റങ്കൂണ്‍ ക്രീപര്‍ പുതിയ തളിരിലകള്‍ ചൂടിയോ എന്ന് ഉത്കണ്ഠപെട്ടു. ഇനിയും ചിലപ്പോള്‍ കഥാകാരിക്കൊപ്പം നീര്‍മാതളപൂക്കളുടെ ഗന്ധം വഹിച്ചെത്തുന്ന കാറ്റിനെ കാത്ത് നമ്മളും രാത്രിയുടെ ഇരുട്ടില്‍ ജാലകത്തിന്‍റെ അഴികളില്‍ പിടിച്ചു കാത്ത് നിന്നു. പുതുമഴ നനഞ്ഞ് പുളകിതയായ മണ്ണിന്‍റെ ഗന്ധം മാത്രം പരിചയിച്ച മലയാളി മനസ്സില്‍ ചേര്‍ത്തു വച്ചു കഥാകാരി ഗന്ധങ്ങള്‍ കൊണ്ട് ഒരു ഇന്ദ്രജാലം തന്നെ..ഓരോ കഥയിലൂടെയും കയറി ഇറങ്ങുമ്പോള്‍ ,പുന്നെല്ലിന്‍റെ, പാരിജാത പൂക്കളുടെ, മുക്കുവരുടെ ,  കടല്‍ മത്സ്യത്തിന്‍റെ, കൊപ്രയുടെ ഒക്കെ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക് അനായാസം നമ്മളും ആവാഹിച്ചു. വിരസതയുടെ പട്ടുടുത്ത ചില വേളകളില്‍ ചില്ല് ജാലകങ്ങള്‍ക്കപ്പുറം തിളയ്ക്കുന്ന വെയിലില്‍ കണ്ണും നട്ടിരിന്നപ്പോള്‍ ഞാനും അറിയാതെ മോഹിചിട്ടില്ലേ കഥാകാരി എഴുതിയത് പോലെ വെയിലിന്‍റെ ഗന്ധം വേര്‍തിരിച്ചെടുക്കാന്‍ ? പക്ഷെ എന്‍റെ മനസ് തോറ്റു മടങ്ങിയിട്ടേ ഉള്ളൂ. അങ്ങിനെ നമ്മുടെ ഓരോ തോല്‍വിക്കു മുന്നിലും വിസ്മയമാകുന്നു മാധവിക്കുട്ടി എന്ന പ്രതിഭ.

കഥാകൃത്തുക്കള്‍ എന്നും ഒരു ഭാവനാലോകം സൃഷ്ടിക്കുന്നു അതില്‍ നിന്നും മിഴിവാര്‍ന്ന കഥാപാത്രങ്ങള്‍ അവര്‍ മെനഞ്ഞെടുക്കുന്നു. പാവക്കൂത്ത് പോലെ അവരെകൊണ്ട് പലതും ചെയ്യിക്കുന്നു. കുറച്ചു യാഥാര്‍ത്ഥ്യത്തിന്‍റെ നിറങ്ങളും ചിലപ്പോള്‍ അക്കൂട്ടത്തില്‍ പകരുന്നുണ്ടാവാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുമ്പോള്‍ കഥാകാരി വിജയിക്കുന്നു. തോല്‍ക്കുന്നത് പലപ്പോഴും വായനക്കാര്‍ ..ഒരു പക്ഷെ ആ തോല്‍വിയില്‍ നിന്നല്ലേ അവര്‍ കൂടുതലും കൂരമ്പുകള്‍ ഏറ്റുവാങ്ങിയത് പുഷ്പഹാരങ്ങളെക്കാള്‍? കപട സദാചാര ബോധത്തില്‍ മുക്കി മുന കൂര്‍പ്പിച്ച അമ്പുകള്‍ ..അതൊന്നും കഥാകാരി അര്‍ഹിക്കുന്നുണ്ടായിരുന്നില്ല തീര്‍ച്ചയായും ...എത്രയോ മിഴിവാര്‍ന്ന കഥകള്‍ നമുക്ക് വച്ചു നീട്ടിയിട്ടും മലയാളികള്‍ക്കെന്നും താല്പര്യം അവര്‍ എഴുതിയ  " എന്‍റെ കഥ " എന്ന ഒരു പുസ്തകത്തിനെ കീറി മുറിച്ച് അപഗ്രഥിക്കാന്‍ മാത്രമായിരുന്നു.

മാധവിക്കുട്ടിയുടെ രചനാശൈലിയോട് കിടപിടിക്കുന്ന അപൂര്‍വം ചില കഥാകൃത്തുക്കള്‍ ഇന്ന് നമുക്ക് ഉണ്ടെങ്കില്‍ ഞാന്‍ പറയും അത് നമ്മുടെ സ്വന്തം കഥാകാരി കല്ലും മുള്ളും നീക്കി ചെത്തി മിനുപ്പാക്കിയ പാതയിലൂടെ സന്തോഷമായി സഞ്ചരിക്കുന്നവര്‍ ആണെന്ന്‌ !! കടപ്പെട്ടിരിക്കുക ഈ കഥാകാരിയോട്.


ഒരു പക്ഷെ സ്വാതന്ത്ര്യത്തിന്‍റെ വര്‍ണ്ണ ചിറകുകള്‍ വീശി അനന്തമായ നീലവിഹായസിലേക്ക് പറക്കാന്‍ കൊതിച്ചിരുന്ന എന്നിലെ കൌമാരകാലത്ത് ഞാന്‍ പ്രിയപെട്ടതാക്കിയ കഥാകാരിക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം അക്ഷരപൂക്കള്‍ കൊണ്ടൊരു ഹാരം...അതാണ്‌ അത്  മാത്രമാണ് ഈ അക്ഷരങ്ങള്‍....

Sunday, May 27, 2012

സ്വപ്നങ്ങളിലെ ചിത്രശലഭങ്ങള്‍ !







                           നീയാണ് അഗ്നിയെങ്കില്‍ ആ ജ്വാലയില്‍
                                    എന്‍റെ ശലഭച്ചിറകുകള്‍ ‍എരിഞ്ഞിടട്ടെ..
                                    നീയാണ് സാഗരമെങ്കില്‍ ആ സ്നേഹത്തിരമാലകള്‍
                                    എന്നെപുണര്‍ന്നോട്ടെതീരമണയാന്‍എനിക്ക്കൊതിയില്ല..
                                    നീയാണ് മഴയായ്പെയ്തിറങ്ങുവതെങ്കില്‍നനഞ്ഞിടാം
                                    ആ കണ്ണുനീര്‍തുള്ളികളില്‍ഞാന്‍സ്വയംഅലിഞ്ഞിടാം ..
                              
                                   നീയാണ് എന്നെ കൂട്ടിലാക്കുന്നതെങ്കില്‍
                                   സ്വാതന്ത്ര്യത്തിന്‍റെ വര്‍ണ്ണ വിഹായസ്സ് എനിക്ക്
                                   വേണ്ടപകരം നിന്‍റെ 
                                   കിളികൊഞ്ചലുകള്‍ക്കായ്ഞാന്‍കാതോര്‍ക്കാം....

Sunday, April 8, 2012

മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ ?!

കഴിഞ്ഞ ഒഴിവുകാലത്ത് അമ്പലത്തിലെ പൂജാരി പറയുകയുണ്ടായി കേരളത്തില്‍ ഇപ്പോള്‍ എല്ലാവരും ടിവിയുടെ മാസ്മരിക ലോകത്തിലാണ് അതുകൊണ്ട് ദീപാരാധന തൊഴാന്‍ പോലും അമ്പലത്തില്‍ ആളില്ലാതെ അയത്രേ !!  ചന്ദനത്തിരിയുടെ സുഗന്ധവും നാമജപതിന്റെ ഐശ്വര്യവും നിലവിളക്കിന്റെ പ്രഭയും നിറയുന്ന സന്ധ്യാ വേളകളും കേവലം മൂന്നാം കിട സീരിയലുകളുടെ ശബ്ദ ഘോഷങ്ങള്‍ക്കിടയില്‍ ‍ എരിഞ്ഞു തീരാനുള്ളതാണോ ?! ..






Sunday, December 11, 2011

MOMENTS CAPTURED ON UAE NATIONAL DAY

ഇന്ത്യയെ ഇത്രമേല്‍ തീവ്രമായി സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ച UAE യുമായും  ഞാന്‍ പ്രണയത്തിലാണ് ....

ഈ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നാല്പതാമത്തെ national day ആഘോഷിച്ചു UAE .
ദീപങ്ങളും പതാകകളും കൊണ്ട് അലങ്കരിച്ച   അബുദാബി അന്ന് കൂടുതല്‍ സുന്ദരിയായത് പോലെ തോന്നി ..അന്നത്തെ സായാഹ്നത്തിലെ ചില ചിത്രങ്ങള്‍ ....











അസ്തമയ സൌന്ദര്യം !!




പേരറിയാത്ത ഈ വെളുത്ത കുഞ്ഞിപൂക്കള്‍ക്ക് രാത്രിയില്‍ ചന്തം കൂടിയ പോലെ !!


















Tuesday, November 15, 2011

എന്‍റെ കേരളം എത്ര സുന്ദരം !!!



എന്‍റെ കേരളം എത്ര സുന്ദരം എന്ന് മനസിലായത് പ്രിയ ഗായിക ഉഷ ഉതുപ്പ്  പാടിയപ്പോഴാണോ ? ഹേയ് അല്ല അത് മനസിലാക്കാന്‍ എനിക്ക് ഒരു പ്രവാസി ആകേണ്ടി വന്നു എന്നതാണു സത്യം. ചിലപ്പോഴൊക്കെ അങ്ങിനെയാണ് മനസ് സ്വന്തം നാടിന്റെ ഗൃഹാതുരതയിലേക്ക് ഓടിപ്പോകും . ഇന്നു അങ്ങിനെയൊരു ദിവസമാണ് . ഈന്തപ്പനകളോട് കെറുവിച്ച് നാടിന്റെ പച്ചപ്പിലേക്ക് ഞാന്‍ പോകുന്നു . കഴിഞ്ഞ ഒഴിവുകാലത്തെടുത്ത  ചിത്രങ്ങളിലൂടെയാണ് എന്‍റെ യാത്ര എന്ന് മാത്രം....ഇവിടെ UAE യില്‍ ഒഴിവുകാലം എന്ന് പറയുമ്പോള്‍ ജൂലായ് -ആഗസ്റ്റ്‌ മാസങ്ങള്‍ ആണ് . അപ്പോള്‍ നാട്ടിലാണെങ്കില്‍ മഴ തിമിര്‍ത്തു പെയ്യുകയാവും. ..

നിര്‍ത്താതെ പെയ്യുകയായിരുന്നു മഴ അന്ന് ....


ഞാന്‍ പിച്ചവച്ച തൊടികളിലൂടെ ഉത്സാഹത്തോടെ പൂമ്പാറ്റകളുടെ പിറകെ ഓടുന്ന മോളെ കാണുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കാറുള്ളത് എന്‍റെ കുട്ടിക്കാലം തന്നെയല്ലേ !!!


gadgetsinte ലോകത്ത് നിന്നും ഒരു ഇടവേളയാണ് കുട്ടികള്‍ക്ക്  കേരളത്തിലേക്കുള്ള ഓരോ യാത്രയും  ......അത് അങ്ങിനെതന്നെ ആവണമെന്നാണ് ഞങ്ങള്‍ കൊതിക്കുന്നതും ...


ഞങ്ങളുടെ അവധിക്കാലത്ത് മുടങ്ങാതെ വീട്ടില്‍ എത്തിയിരുന്ന മറ്റൊരു അതിഥി -ശ്രീ കൃഷ്ണപ്പരുന്ത് 



ഞങ്ങളെ സ്വാഗതം ചെയ്യാന്‍ കാത്തുനിന്നത് പോലെ ....ഈ വാഴക്കുല !!!



സുപ്രഭാതം പറയാന്‍ ആമ്പല്‍പൂവ്‌ ...........




ഇനിയും ഓണപൂക്കളങ്ങള്‍ ഒരുക്കാന്‍ കൊതിക്കുന്ന മനസ് ...



അമ്മൂമ്മ പറയാന്‍ ബാക്കി വച്ച കഥകള്‍ക്കായി അടുത്ത ഒഴിവുകാലം കാത്തിരിക്കുന്നു മക്കള്‍ ...



ദൂരെയല്ലാത്ത ക്ഷേത്രത്തില്‍ നിന്നും എന്നും ഒഴുകി എത്താറുള്ള സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേട്ടുണരാറുള്ള ഉന്മേഷമുള്ള പ്രഭാതങ്ങള്‍ക്കായ്...മഴയുടെ സംഗീതത്തില്‍ സ്വയം മറക്കാനായ്‌  ..പുഞ്ചിരിക്കുന്ന പൂക്കളോടും പ്രിയപ്പെട്ടവരോടും ഒരായിരം വിശേഷങ്ങള്‍ പങ്കുവയ്ക്കുവാനായ്‌ ഞാനും കാത്തിരിക്കുന്നു ഇനിയൊരു  ഒഴിവുകാലത്തിനായ്‌ ...................




Related Posts Plugin for WordPress, Blogger...