Friday, December 20, 2013

മേപ്പിള്‍ മരങ്ങള്‍ മന്ത്രിച്ചത്‌ .........................




യാത്ര എന്ന് കേള്‍ക്കുമ്പോഴേ മയൂരനൃത്തമാടുന്നു മനസ്. ഓരോ യാത്രയും നമ്മെ  നിശബ്ദമായി  എന്തൊക്കെയോ പഠിപ്പിക്കുന്നു ..നമ്മെ നാമാക്കി നിര്‍ത്തുന്നു. അറിയാതെ കെട്ടിപ്പൊക്കുന്ന അഹം എന്ന ഭാവം പോലും വെള്ളത്തില്‍ കുതിര്‍ന്ന കളിമണ്ണ് പോലെ കുത്തിയൊലിച്ചു പോവുന്നു. യാത്രകള്‍ ഒരു ലഹരിയാക്കി കൊണ്ട് നടക്കുന്ന നല്ലപാതിക്കൊപ്പമുള്ള സഞ്ചാരം ഞാനും  ഏറെ ആസ്വദിക്കുന്നുണ്ട്. ഇത്തവണ അവധിക്കാലത്ത് UKയിലേക്കാണ് യാത്ര എന്ന് കേട്ടപ്പോഴേ മനസ് തുടിച്ചുയര്‍ന്നു !!!

ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ ഞങ്ങളുടെ വിമാനം ലാന്‍ഡ്‌ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തവേ കണ്ടു ജാലകത്തിനപ്പുറം നനുത്ത സ്വാഗതമേകി മഴ! അപരിചിതത്വം നേര്‍ത്ത് നേര്‍ത്ത് ആ മഴത്തുള്ളികളില്‍ അലിഞ്ഞുപോയത് പോലെ.
 
എയര്‍പോര്‍ട്ടില്‍ നിന്നും Paddington വരെ യാത്ര- ഹീത്രു എക്സ്പ്രസ്സിലാണ് .അസാമാന്യവേഗതയില്‍ കൌതുകം നിറച്ച പല കാഴ്ചകളെയും പിന്നിലാക്കി train ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോഴും ചാറ്റല്‍ മഴ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ഇവിടെ അങ്ങിനെയാണ് മഴ അപ്രതീക്ഷവും പ്രവചനാതീതവുമാണ്.അതുകൊണ്ട് കുട ഒരു സന്തതസഹചാരിയായിരുന്നു എപ്പോഴും. kensington എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ ഹോട്ടല്‍. സ്റ്റേഷനില്‍ നിന്നും ഒരു കാബില്‍ തുടര്‍ന്നുള്ള യാത്ര. 

ഉറക്കത്തിന്‍റെ ആലസ്യം പുറത്തെ വിസ്മയ കാഴ്ചകളില്‍ മാഞ്ഞു പോയിരുന്നു. ഹോട്ടലിലെത്തി പ്രഭാത ഭക്ഷണം പിന്നെ ചെറു മയക്കം അത് കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം കാഴ്ച്ചകള്‍  കാണാന്‍ ഇറങ്ങി. ലണ്ടന്‍ എന്ന മഹാനഗരം ചിപ്പിയിലെന്ന പോലെ ഒളിപ്പിച്ച മോഹ കാഴ്ചകളുടെ മുത്തുകള്‍ക്കായ്‌ ഞങ്ങള്‍ കണ്ണും കാതും മനസും തുറന്നു വച്ചു.  മനോഹരകാഴ്ച്ചകള്‍ക്ക്  മേലെ മഞ്ഞുറയും മുന്നേ അതിന്‍റെ ചാരുത ഒപ്പിയെടുക്കുക എന്ന ഒരു ഉദ്ദേശത്തോടെയാണ് ഓഗസ്റ്റ്‌ മാസം തിരഞ്ഞെടുത്തതും. വളരെ നല്ല കാലാവസ്ഥ .അധികം ചൂടോ തണുപ്പോ ഇല്ല.

Trafalgar Square ആയിരുന്നു ആദ്യ ലക്‌ഷ്യം. ചരിത്രം കഥകള്‍ കോറിയിട്ട വലിയ ഈ മൈതാനം നഗരത്തിന്‍റെ ഹൃദയഭാഗത്ത്‌ തന്നെ എന്ന് പറയാം. നഗരത്തിലെ പ്രധാനപെട്ട പരിപാടികള്‍ക്കൊക്കെയും എല്ലാവരും ഒത്തുകൂടുന്ന സ്ഥലവും ഇതുതന്നെ. നാല് സിംഹ പ്രതിമകള്‍ക്ക് നടുവില്‍ Nelson’s column. ഒരു ഭാഗത്ത്‌ ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ടൂറിസ്ടുകളെകൊണ്ട് നിറഞ്ഞിരുന്നു മൈതാനം.തൊട്ടടുത്ത്‌ ഒരു മ്യുസിയം.
അവിടെ നിന്നും സമീപത്ത് തന്നെയുള്ള Ripley's Believe It or Not ന്‍റെ അതിശയ കാഴ്ചകളിലൂടെ ഏറെ നേരം സഞ്ചരിച്ചു. രാത്രി ഡിന്നര്‍ കഴിച്ച് തിരികെ ഹോട്ടലിലെത്തി.ഒരു ദിനം കൊഴിയുമ്പോള്‍ ഓര്‍ത്തു ഇനി ലണ്ടനില്‍ ബാക്കിയുള്ളത് നാലുദിവസം....പിന്നെ ഒരു പ്രാര്‍ഥന  ഇനിയുള്ള ദിവസങ്ങള്‍ മഴയുടെ മൂടുപടത്തില്‍ മുങ്ങി ഒളിക്കാതെ സൂര്യരശ്മിയുടെ തിളക്കമുള്ളതാവാന്‍!







പ്രാര്‍ഥന കേട്ട് കാണും ; പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ഞങ്ങള്‍ക്ക്കാഴ്ചകള്‍ കാണാന്‍ എന്ന പോലെ സ്വര്‍ണ കസവ് പോലെ തിളങ്ങി നിന്നു ; മഴ വഴിമാറി പോയി. ഹോട്ടലിലെ ഇംഗ്ലീഷ് കോണ്ടിനെന്‍ടല്‍ ബ്രേക്ക്‌ഫാസ്റ്റ് ഞങ്ങള്‍ നന്നായി ആസ്വദിച്ചു കഴിച്ചു. അടുത്തുതന്നെയായിരുന്നു റെയില്‍വെ  സ്റ്റേഷന്‍. അതുകൊണ്ട് ഹോട്ടലില്‍ നിന്നും മേപ്പിള്‍ മരങ്ങള്‍ അതിരിട്ട പാതയോരത്തുകൂടെ ചെറിയ തണുപ്പിന്റെ സുഖത്തില്‍ ഇത്തിരി ദൂരം നടത്തം ..അത് തന്ന ഉന്മേഷം മാസങ്ങള്‍ക്കിപ്പുറം ഇത് എഴുതുമ്പോഴും എന്നില്‍ പടരുന്നു. വീഥികള്‍ക്ക്  ഇരുവശത്തുമുള്ള കെട്ടിടങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ വേറെ ഏതോ ഒരു നൂറ്റാണ്ടിലെ ചരിത്ര വഴികളിലൂടെയാണോ നമ്മള്‍ സഞ്ചരിക്കുന്നത് എന്ന ഒരു വിഭ്രാന്തി ഉണ്ടാവും. highrise buildings വിരളമാണ്. എല്ലാം പഴയ കെട്ടിടങ്ങള്‍ ഒരു പക്ഷെ അതായിരിക്കാം ഈ നഗരത്തിന്റെ് വശീകരണം എന്നെനിക്ക് തോന്നി. പഴയ കാല സൌന്ദര്യം എന്ത് വില കൊടുത്തും സംരക്ഷിക്കുക എന്നതായിരിക്കാം ചിലപ്പോള്‍ ഇവരുടെ മുദ്രാവാക്യം. അതില്‍ ഒട്ടൊക്കെ അവര്‍ വിജയിച്ചിരിക്കുന്നു.

മെഴുക് പ്രതിമകളുടെ കൂടാരത്തിലേക്കായിരുന്നു
അന്നത്തെ ആദ്യ സന്ദര്‍ശനം . Madame Tussauds. ഓണ്‍ലൈനില്‍ ടിക്കറ്റ്‌ മുന്‍കൂട്ടി എടുത്തതുകൊണ്ട് വലിയ ഒരു ക്യൂ ഒഴിവായി കിട്ടി. രാഷ്ട്രീയം, സിനിമ, കായികം അങ്ങിനെ വിവിധ മേഖലകളില്‍ പ്രസിദ്ധരായവരുടെ പ്രതിമകള്‍ അവിടെ കാണാന്‍ സാധിക്കും. ഗാന്ധിജി, സച്ചിന്‍, അമിതാഭ്, ഐശ്വര്യാ അങ്ങിനെ നീളുന്ന ഒരു ഇന്ത്യന്‍ നിരയും നമുക്ക് തലയുയര്‍ത്തിപിടിക്കാന്‍ അവിടെയുണ്ട്. 





തെംസ് നദീ തീരത്തെ London Eye ആയിരുന്നു അടുത്ത ലക്‌ഷ്യം. കാന്ടിലിവറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും പൊക്കം കൂടിയ വീല്‍ ആണ് London Eye. ഒരു കറക്കം പൂര്‍ത്തിയാക്കാന്‍ ഏകദേശം അരമണിക്കൂര്‍ എടുത്തു. മുട്ടയുടെ ആകൃതിയെ ഓര്മി പ്പിക്കുന്ന മുപ്പത്തിരണ്ട്  ഗ്ലാസ്‌ കാപ്സ്യൂളുകള്‍ . നഗരത്തിന്‍റെപല ആകര്‍ഷണങ്ങളും അതിലൂടെ കാണാം.
കടല്‍ ജീവികളുടെ ഏറ്റവും കൂടുതല്‍ ശേഖരമുള്ള London aquarium അതും തെംസ് നദിക്കരയില്‍ തന്നെയാണ്. ഏകദേശം ഒരു മണിക്കൂറോളം അവിടെയും ചിലവഴിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് പിന്നെയും പല പല കാഴ്ചകള്‍ കണ്ടും ചിത്രങ്ങള്‍ എടുത്തും സയാഹ്നതോടടുപ്പിച്ചു St.James Park ല്‍ എത്തി. ഇരുപത്തിമൂന്ന് ഹെക്ടറില്‍ പരന്നു കിടക്കുന്നു ഈ രാജകീയ ഉദ്യാനം. അരയന്നങ്ങള്‍ നീന്തി തുടിക്കുന്ന ഒരു ചെറിയ തടാകവും ഉണ്ട് അതിന്‍റെ ഉള്ളില്‍. അവധിദിനമായത്കൊണ്ടാവാം പാര്‍ക്ക്  സന്ദര്‍ശകരെക്കൊണ്ടു നിറഞ്ഞിരുന്നു.പകലിന് നീളം കൂടിയ മാസങ്ങള്‍ ആണെന്ന് തോന്നുന്നു രാത്രി ഒന്‍പതു മണിയായാലും ഉച്ചയാണ് എന്ന പ്രതീതി ഉണര്‍ത്തുന്നു. ഹോട്ടലില്‍ എത്തിക്കഴിഞ്ഞാല്‍ മക്കള്‍ക്ക്‌  പിന്നെയും പുറത്തു പോവാന്‍ മടിയാവും ഇനി ഞങ്ങള്‍ ഇല്ല പകല്‍ മുഴുവന്‍ കറങ്ങിയതല്ലേ എന്ന് പറഞ്ഞ് അവര്‍ മുറിയില്‍ തന്നെ കൂടും .പക്ഷെ പുറത്തെ പകല്‍ വെളിച്ചം ഇങ്ങനെ പിന്നെയും പ്രലോഭിപ്പിക്കും. ഞങ്ങള്‍ രണ്ടുപേരും  ഒന്നുകൂടി കാഴ്ചകളിലേക്ക് ഇറങ്ങുകയായി. വെയിലിന്‍റെ നേര്‍ത്ത  മഞ്ഞ വെളിച്ചം വിളറി തുടങ്ങിയ സന്ധ്യവേളകളില്‍ മേപ്പിള്‍ ഇലകളുടെ മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്ത് കൈകോര്‍ത്ത്‌ പിടിച്ച്, സംസാരിച്ച് ലക്ഷ്യമില്ലാതെ വെറുതെ അലയുമ്പോള്‍ ഇനിയും അണയാത്ത പ്രണയത്തിന്‍റെ ജ്വാലകള്‍ ഞങ്ങളെ ഒന്നുകൂടി ചേര്‍ത്ത്   നിര്‍ത്തിയിട്ടുണ്ടാവാം  !!   










പിറ്റേദിവസം ബസ്‌ടൂര്‍ ആയിരുന്നു. ലണ്ടന്‍ നഗരത്തിലൂടെ ഒരു പ്രദക്ഷിണം മേമ്പൊടിയായി റെക്കോര്‍ഡ്‌  ചെയ്യപെട്ട വിവരണങ്ങള്‍ ഉള്ളതുകൊണ്ട് എല്ലാം മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. പതിനൊന്നു മണിക്ക് Buckingham Palace ഇല്‍ എത്തി. പുതിയ ഗാര്‍ഡ് പഴയ ആളില്‍ നിന്നും അന്നത്തെ  ഡ്യൂട്ടി സ്വീകരിക്കുന്നു അതിനാണ് Changing the Guard സെറിമണി എന്ന് പറയുന്നത്. ഗേറ്റില്‍ നിന്നും പാലസിലേക്കുള്ള വീഥിയില്‍  ചുവന്ന നിറത്തിലുള്ള കല്ലുകള്‍ പാകിയിരിക്കുന്നു ഒരു ചുവന്ന പരവതാനി വിരിച്ച പോലെ. പ്രതീക്ഷിച്ചതിലും അധികം തിരക്ക്. ഞങ്ങളുടെ guideന്‍റെ പിന്നാലെ ഓടിയും നടന്നും കൌതുകത്തോടെ അതിലേറെ ആകാംക്ഷയോടെ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി. അരികില്‍ മാറി നിന്ന് വേണം കാഴ്ചകള്‍ കാണാന്‍. മാര്‍ച്ച്‌ നടക്കുമ്പോള്‍  അബദ്ധത്തില്‍ പൊലും റോഡിലേക്ക് കാലെടുത്ത് വയ്ക്കരുത് എന്ന് കേട്ടതുകൊണ്ടു വളരെ ശ്രദ്ധിച്ചാണ് നിന്നത് ഏറ്റവും പ്രയത്നിച്ചതു റോഡിലേക്ക് കാലെടുത്തു വയ്ക്കാതെ ചിത്രങ്ങള്‍ എടുക്കുവനായിരുന്നു. ഈ ഭഗീരഥ പ്രയത്നതിലും ദൈവാനുഗ്രഹത്താല്‍ കുറച്ചു നല്ല ചിത്രങ്ങള്‍ എനിക്ക് ക്യാമറയില്‍ പകര്ത്തു വാന്‍ കഴിഞ്ഞു. രാജകീയ ജീവിതത്തിന്‍റെ പ്രതിഫലനങ്ങള്‍ സമ്മാനിച്ച കൌതുകം മറച്ചു വയ്ക്കാതെ യാത്ര തുടര്‍ന്നു . ഉച്ചയ്ക്ക് ശേഷം തെംസ് നദിയിലൂടെയുള്ള ബോട്ട് യാത്ര, അതിനുശേഷം TOWER OF BRIDGE ലൂടെയുള്ള സായാഹ്നസവാരി ഒക്കെ ആസ്വദിച്ചു.
















ലണ്ടന്‍ നഗരത്തിലെ അഞ്ചാമത്തെ ദിവസം അതിരാവിലെ ഏറ്റവും പ്രശസ്തമായ St.Pauls Cathedral ലേക്കുള്ള യാത്രയായിരുന്നു. ചാള്‍സ് രാജകുമാരന്‍റെയും ഡയാനയുടെയും വിവാഹത്തിന്‌ വേദിയായതും ഈ ചര്‍ച്ച്  ആണെന്ന് മുന്‍പ്‌ എപ്പോഴോ വായിച്ചത് ഓര്മ്മ  വന്നു. ശരിക്കും വാസ്തുശില്പ ചാതുരിയുടെ ഒരു വിസ്മയം തന്നെയാണ് നൂറ്റാണ്ടുകളുടെ പഴക്കവുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ പള്ളി എന്ന് അവിടത്തെ ഓരോ കാഴ്ചകളും മിനാരങ്ങളും അരക്കിട്ടുറപ്പിക്കുന്നു.
ഗോത്തിക് സ്റ്റൈലില്‍ പണികഴിക്കപെട്ടിട്ടുള്ള മറ്റൊരു ചര്‍ച്ച്  WESTMINSTER ABBEY ആയിരുന്നു അടുത്ത ലക്‌ഷ്യം. പല മേഖലകളിലും പ്രശസ്തരായ പ്രമുഖ വ്യക്തികളുടെ ശവകുടീരവും ഇവിടെ കാണാം. വില്ല്യം രാജകുമാരന്റെതടക്കം പതിനാറു രാജകീയ വിവാഹങ്ങള്ക്കും , ഔദ്യോകിക സ്ഥാനാരോഹണങ്ങള്‍ക്കും  ഒക്കെ വേദിയായത് ഈ പള്ളിയാണെന്നതും ഇതിന്‍റെ വേറൊരു സവിശേഷതയാണ്. പെയിന്ടിങ്ങുകളും, വലിയ ഇട നാഴികളും , നീളമേറിയ നടപ്പാതകളുമായി മറ്റു പള്ളികളില്‍ നിന്നും വ്യത്യസ്തമായി തോന്നി WESTMINSTER ABBEY.





 ലണ്ടനിലെ അഞ്ചു ദിവസങ്ങള്‍ ഒരു പൂ കോഴിയും പോലെ എത്ര വേഗമാണ് ഇതളടര്‍ന്നുവീണത്‌. ഇനിയും കാണാത്ത മനോഹരകാഴ്ചകള്‍ എവിടെയൊക്കെയോ മറഞ്ഞിരുന്നു പുഞ്ചിരിക്കുന്നുണ്ടാവാം.
ഇനിയുള്ള ഒരാഴ്ച EXPAT EXPLORE എന്ന ഗ്രൂപ്പിനൊപ്പം വിവിധ സ്ഥലങ്ങളിലേക്ക് (country side) ഉള്ള ഒരു ടൂര്‍ ആണ്.
വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്പതോളം പേരുണ്ടായിരുന്നു ഞങ്ങളുടെ ഗ്രൂപ്പില്‍. ടൂര്‍ ലീഡര്‍  സാറ എന്ന ബ്രിട്ടീഷുകാരിയും , പിന്നെ ഗാരി എന്ന ഡ്രൈവറും. 
കേംബ്രിഡ്ജിലെ നദിയിലൂടെയുള്ള ഒരു ചെറുതോണി യാത്ര (punting) ആയിരുന്നു ആദ്യം. അരയന്നങ്ങള്‍ ഒഴുകി നടക്കുന്ന തടാകത്തിലൂടെ ഇരു കരയിലെയും മനോഹര കാഴ്ചകള്‍ കണ്ട് ഞങ്ങളെ വഹിക്കുന്ന ചെറു നൌകകളും തെന്നി നീങ്ങി. ഏകദേശം രണ്ടു മണിക്കൂര്‍ അവിടെ ചിലവഴിച്ചു. അതിനുശേഷം York സിറ്റിയിലെ കാഴകളിലേക്ക് ഇറങ്ങി നടന്നു . york minster –വളരെ പുരാതനമായ ഈ കത്തീട്രല്‍ സ്റ്റേയിന്റ്റ് ഗ്ലാസിലും കല്ലിലും കൊത്തിവയ്ക്കപെട്ട വശ്യ ചാരുതയാര്‍ന്ന  ഒരു ശില്പം പോലെ തോന്നിച്ചു.  വളരെ പുരാതനമായ കെട്ടിടങ്ങളും, തെരുവീഥികളും, മടുപ്പിക്കാത്ത ഒട്ടനവധി കാഴ്ചകളുമായി വല്ലാതെ മനസിനെ ആകര്‍ഷിക്കുന്നു York സിറ്റി എന്നത് എടുത്തുപറയേണ്ട ഒരു വസ്തുത തന്നെയാണ്. 




അടുത്ത ദിവസം ഞങ്ങള്‍ സ്കോട്ട്‌ലണ്ടില്‍ എത്തി, സ്കോട്ടിഷ് ബോര്‍ഡറിനടുത്ത് തന്നെയുള്ള jedburgh abbey ആയിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണം. അതിര്‍ത്തിയില്‍ നിന്നുള്ള പട്ടാളക്കാരുടെ നിരന്തരമായ ആക്രമണങ്ങളെയും പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച്‌ ഒരു വിസ്മയമായി നില കൊള്ളുന്നു ഗോതിക്‌ സ്റ്റൈലില്‍ പണികഴിപ്പിക്കപ്പെട്ടിട്ടുള്ള പുരാതനമായ abbey.
അവിടെ ഏറ്റവും പോപ്പുലര്‍ ആയ “fish n chips” കിട്ടുന്ന restaurant തൊട്ടടുത്ത്‌ കണ്ടപ്പോള്‍ അതൊന്നു രുചിച്ചു നോക്കണം എന്നൊരു കൌതുകം.  cod അല്ലെങ്കില്‍ haddock മത്സ്യം ആണത്രേ ഇതിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഫിഷ്‌ ഫില്ലെറ്റ്‌ മാവില്‍ മുക്കി എണ്ണയില്‍ പൊരിചെടുക്കുന്നതാണ് വിഭവം അതിനൊപ്പം ഫ്രഞ്ച് ഫ്രൈസും സോസും. എന്തായാലും നാവിലെ രസമുകുളങ്ങളെ പ്രലോഭിപ്പിക്കുന്ന രുചി ആയതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളിലും “fish n chips” എന്ന ബോര്‍ഡ്‌ തപ്പി നടക്കാറുണ്ടായിരുന്നു.


 വൈകുന്നേരത്തോടെ സ്കോട്ടിഷ് തലസ്ഥാനമായ Edinburgh യില്‍ എത്തി. നിരവധി സ്കൂളുകള്‍, കോളേജ്‌, പിന്നെ നാല് പ്രശസ്തമായ university കളും ഇവിടെയുണ്ട്. സ്കോട്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന പ്രധാനപെട്ട ആകര്‍ഷണമായ വോള്‍ക്കാനിക്‌ കാസില്‍ റോക്കിന്റെ് മുകളില്‍ സ്ഥിതി ചെയ്യുന്ന Edinburgh castle ഞങ്ങള്‍ അതിനടുത്ത ദിവസം സന്ദര്‍ശിച്ചു. honors of scotland, war museum ഒക്കെയുമായി മണിക്കൂറുകള്‍ ചിലവഴിക്കാനുണ്ട് അവിടെ. UK രാജകീയ ഭരണാധികാരികളുടെ സ്കോട്ട്‌ലണ്ടിലെ ഔദ്യോകിക വസതി എന്നറിയപെടുന്ന Holyrood palace ഇവിടത്തെ വേറൊരു ശ്രദ്ധാ കേന്ദ്രമാണ്. വേനല്‍ക്കാല അവധിയുടെ തുടക്കത്തില്‍ ഒരാഴ്ച Queen Elizebath ഈ കൊട്ടാരത്തില്‍ ഉണ്ടാകാറുണ്ട് എന്ന് പറയുന്നു .
റോയല്‍ മെംബേര്‍സ് അവിടെ ഇല്ലാത്ത സമയങ്ങളില്‍ സന്ദര്‍ശകര്‍ക്കായി തുറക്കാറുണ്ട് കൊട്ടാരത്തിലെ ചില വാതിലുകള്‍.. അവിസ്മരണീയമായി തോന്നി അവിടത്തെ കാഴ്ചകള്‍. പ്രൌഡ ഗാംഭീര്യം വിളിച്ചോതുന്ന Royal dining room,  പതിനേഴാം നൂറ്റാണ്ടിന്‍റെ വാസ്തു ശില്പ വിസ്മയത്തിന്‍റെ മനം മയക്കുന്ന സമ്പന്നത തുളുമ്പി മച്ചിലെ കാഴ്ചകള്‍, സ്കോട്ടിഷ് രാജ്യഭരണാധികാരികളുടെ ചിത്രങ്ങളുമായി ആര്‍ട്ട് ഗാലറി അങ്ങിനെയങ്ങിനെ ദുരൂഹതകളിലൂടെ ഇതള്‍ വിരിയുന്ന വിവരിക്കാനാവാത്ത ഒരു സൌന്ദര്യം ചൂഴ്ന്നു നില്‍ക്കുന്നു എവിടെയും. ഗോതിക്‌ പാലസിനോട് തൊട്ടുരുമ്മി  holyrood abbey സ്ഥിതി ചെയ്യുന്നു. ഏക്കറുകള്‍ നിറഞ്ഞു നില്‍ക്കുന്ന പുറത്തെ പൂന്തോട്ടവും പിന്നെ പേരറിയാത്ത മരങ്ങളും. കൊട്ടാരത്തിനു വെളിയില്‍ എത്തിയപ്പോള്‍ മാസ്മരിക കാഴ്ചകളില്‍ നിന്നും വേറൊരു ലോകത്തേക്ക് എത്തി പെട്ടത് പോലെ ഒരു അനുഭവം.



 
സ്കോട്ടിഷ് ഹൈലാണ്ട്സിലെ ഓരു തടാകമാണ്  loch ness. ആ തടാകത്തിലൂടെയുള്ള ബോട്ട് യാത്രയുമായി ഇനിയൊരു ദിവസം കൂടി തുടങ്ങുകയായി.  loch ness monster (nessie)എന്ന മിത്തിനെ കുറിച്ച് ഒരുപാട് കേള്‍ക്കുകയും വായിക്കുകയും ചെയ്തിരുന്നു. യാത്രയുടെ ഏതെങ്കിലും ഒരു നിമിഷത്തില്‍ വെള്ളത്തില്‍ നിന്നും അങ്ങിനെ ഒരു ജീവി ഞങ്ങളുടെ മുന്നിലേക്ക്‌ പ്രത്യക്ഷപ്പെടുമോ എന്ന് മനസ് ആകുലപെട്ടിരുന്നോ അറിയില്ല.
പോക്കുവെയിലിന്‍റെ പൊന്‍നാളങ്ങള്‍ ഒരു നല്ല സഞ്ചാരത്തിന്‍റെ മിഴിവാര്‍ന്ന നിമിഷങ്ങള്‍ അവിടെയും ഞങ്ങള്‍ക്ക് സമ്മാനിച്ചു. 




Ben Nevis Distillery visit






മഞ്ഞ് പുതച്ച മല നിരകളും, സ്ഫടികം പോലെ വെട്ടി തിളങ്ങുന്ന ചെറു തടാകങ്ങളും, വൃത്തിയുള്ള റോഡുകളും, പൂവുകള്‍ പുഞ്ചിരിക്കുന്ന ഉദ്യാനങ്ങളും ഒക്കെയായി Lake district മറ്റൊരു മനോഹര കാഴ്ചയായി ഞങ്ങള്‍ക്ക് മുന്നില്‍ മിഴി തുറന്നു. വശ്യമായ ഒരു ചാരുതയോടെ മനസ്സില്‍ ആഴത്തില്‍  പതിയുന്ന കാഴ്ചകള്‍ ഉള്ളതുകൊണ്ടാവാം എന്‍റെ ക്യാമറ കണ്ണുകളും മിഴി ചിമ്മാന്‍ കൂട്ടാക്കാതിരുന്നത്. 










പിറ്റേ ദിവസത്തെ ലക്‌ഷ്യം stratford upon Avon. William Shakespear ന്‍റെ ജന്മസ്ഥലം. ലോകത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍ ജനിച്ച് വളര്‍ന്ന വീട്ടിലേക്കുള്ള സന്ദര്‍ശനം തന്നെയായിരുന്നു ഏറ്റവും കൌതുകം. shakespear life, love and legacy എന്ന ബോര്‍ഡ്‌ ആണ് സന്ദര്‍ശകരെ ആദ്യം ആകര്‍ഷിക്കുക. ലോക പ്രശസ്ത എഴുത്തുകാരന്‍റെ പഴയ കാലം ഒരു ഡോക്യുമെണ്ടറി രൂപത്തില്‍ കാണാനുള്ള അവസരവും അവിടെ ഒരുക്കിയിരുന്നു. പോയകാലവും അതിലെ ഓരോ സംഭവങ്ങളും അതിന്‍റെ തനിമ ഒട്ടും ചോരാതെ ആരാധകര്‍ക്കായി പുനര്‍ സൃഷ്ടിച്ചിരിക്കുകയാണ് അവിടെ  ഓരോ മുക്കിലും മൂലയിലും വരെ. മനോഹരമായിരുന്നു പുറത്തെ പൂന്തോട്ടം. അവിടെ ഒരു ഭാഗത്ത്‌ സന്ദര്‍ശകരുടെ അഭ്യര്‍ഥന പ്രകാരം  shakespeare നാടകങ്ങളിലെ പ്രധാന സീനുകള്‍ ലൈവ് ആയി അവതരിപ്പിക്കുന്നു. മുറ്റത്ത്‌ ഒരു ഭാഗത്തായി രബീന്ദ്രനാഥ ടാഗോറിന്‍റെപ്രതിമയും കണ്ടു. 



 



 

 

 

ഞങ്ങളുടെ ടൂറിന്‍റെ അവസാന ദിനം രണ്ടു ചരിത്ര വിസ്മയങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കെണ്ടിയിരിക്കുന്ന  “Roman bath” “Stone henge” എന്നിവ സന്ദര്‍ശിക്കാനായി മാറ്റിവയ്ക്കപ്പെട്ടതായിരുന്നു. അതിനുശേഷം ഉച്ചയോടെ തന്നെ വെയില്‍സില്‍ നിന്നും ലണ്ടനിലേക്ക് മടക്കയാത്ര. ഏഴു ദിവസത്തെ ബസ്‌ ടൂറിനു തിരശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം എന്ന തിരിച്ചറിവാണോ ചുറ്റും പതിവിനു വിപരീതമായി ചൂഴ്ന്നു നിന്ന നിശബ്ദത? എവിടെ നിന്നും യാത്ര ആരംഭിച്ചുവോ അതേ സ്പോട്ടില്‍ ഏഴു ദിവസത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍, പല രാജ്യം പല സംസ്കാരം പല നിറം പല ഭാഷ എന്ന വേര്‍തിരിവുകള്‍ക്കും അപരിചിതത്വത്തിനും ഇടയിലും അറിഞ്ഞോ അറിയാതെയോ നെയ്തെടുത്ത സൌഹൃദങ്ങളുടെ അടുപ്പം ഒരു അനുഭവമായി ഞങ്ങള്‍ ഏവരും തൊട്ടറിഞ്ഞു. ശൂന്യമായ ഒരു മനസോടെ എഴുന്നേല്ക്കുമ്പോള്‍ കണ്ടു എല്ലാവരും യാത്ര പറയുന്നു പരസ്പരം. മനസിന്‍റെഏതോ ഒരു കോണില്‍ ഒരു ചെറിയ നൊമ്പരം കിനിയുന്നത് ഞാനും അറിഞ്ഞു.



 
പൊഴിഞ്ഞു വീണ മേപ്പിള്‍ ഇലകള്‍ വെറുതെ എടുത്തിരുന്നു മടക്കയാത്രയില്‍ ഒപ്പം... ഒരിക്കലും വാടാത്ത ഓര്‍മ്മകള്‍ക്കൊപ്പം ഞാന്‍ ചേര്‍ത്ത് വയ്ക്കട്ടെ ഈ ഇലകളെയും അവ പൊഴിച്ച സംഗീതത്തെയും, സുരഭിലമായ നിമിഷങ്ങളെയും  ....!
Related Posts Plugin for WordPress, Blogger...