ഇനിയുമൊരു ജന്മത്തിലേക്കു കൂടിയുള്ള കൌതുകങ്ങള്‍ പങ്കു വച്ച് പ്രിയ കഥാകാരി യാത്രയായിട്ടു മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. ആത്മാവാകുന്ന കിളി ശരീരമാകുന്ന കൂടുപേക്ഷിച്ചു യാത്രയായിട്ടുണ്ടാവാം. പക്ഷെ മാധവിക്കുട്ടിയെ പോലെ അക്ഷരങ്ങളെടുത്ത് അനായാസമായി അമ്മാനമാടി നമ്മെ വിസ്മയിപ്പിച്ചവര്‍ എന്നും നമ്മോടൊപ്പം നമ്മുടെ ഓര്‍മകളില്‍ പൂത്തുലയുന്നു മരണമില്ലത്തവള്‍ മാധവിക്കുട്ടി/ കമല ദാസ്/ സുരയ്യ !
പലപ്പോഴും കടും നിറങ്ങളില്‍ ചാലിച്ച ഭാവനയില്‍ തൂലിക മുക്കി മാരിവില്ലിന്‍റെ മനോഹാരിതയോടെ അക്ഷരകൂട്ടുകള്‍ കൊണ്ട് അവര്‍ ചിത്രങ്ങള്‍ ഒരുക്കി. ആ അക്ഷരപടര്‍പ്പുകളിലൂടെ കടന്നു പോയപ്പോള്‍ ചിലപോഴൊക്കെ യാഥാര്‍ത്ഥ്യത്തിന്‍റെ, പൊള്ളുന്ന അനുഭവങ്ങളുടെ ഒക്കെ മുള്ളുകള്‍ കോറി നമ്മുടെ മനസിലും രക്തം പൊടിഞ്ഞു. മറ്റു ചിലപ്പോള്‍ കഥാകാരി വച്ചു നീട്ടിയ നെയ്പായസത്തിന്‍റെ മധുരം കൊതിയോടെ നുണഞ്ഞു. റങ്കൂണ്‍ ക്രീപര്‍ പുതിയ തളിരിലകള്‍ ചൂടിയോ എന്ന് ഉത്കണ്ഠപെട്ടു. ഇനിയും ചിലപ്പോള്‍ കഥാകാരിക്കൊപ്പം നീര്‍മാതളപൂക്കളുടെ ഗന്ധം വഹിച്ചെത്തുന്ന കാറ്റിനെ കാത്ത് നമ്മളും രാത്രിയുടെ ഇരുട്ടില്‍ ജാലകത്തിന്‍റെ അഴികളില്‍ പിടിച്ചു കാത്ത് നിന്നു. പുതുമഴ നനഞ്ഞ് പുളകിതയായ മണ്ണിന്‍റെ ഗന്ധം മാത്രം പരിചയിച്ച മലയാളി മനസ്സില്‍ ചേര്‍ത്തു വച്ചു കഥാകാരി ഗന്ധങ്ങള്‍ കൊണ്ട് ഒരു ഇന്ദ്രജാലം തന്നെ..ഓരോ കഥയിലൂടെയും കയറി ഇറങ്ങുമ്പോള്‍ ,പുന്നെല്ലിന്‍റെ, പാരിജാത പൂക്കളുടെ, മുക്കുവരുടെ , കടല്‍ മത്സ്യത്തിന്‍റെ, കൊപ്രയുടെ ഒക്കെ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക് അനായാസം നമ്മളും ആവാഹിച്ചു. വിരസതയുടെ പട്ടുടുത്ത ചില വേളകളില്‍ ചില്ല് ജാലകങ്ങള്‍ക്കപ്പുറം തിളയ്ക്കുന്ന വെയിലില്‍ കണ്ണും നട്ടിരിന്നപ്പോള്‍ ഞാനും അറിയാതെ മോഹിചിട്ടില്ലേ കഥാകാരി എഴുതിയത് പോലെ വെയിലിന്‍റെ ഗന്ധം വേര്‍തിരിച്ചെടുക്കാന്‍ ? പക്ഷെ എന്‍റെ മനസ് തോറ്റു മടങ്ങിയിട്ടേ ഉള്ളൂ. അങ്ങിനെ നമ്മുടെ ഓരോ തോല്‍വിക്കു മുന്നിലും വിസ്മയമാകുന്നു മാധവിക്കുട്ടി എന്ന പ്രതിഭ.
കഥാകൃത്തുക്കള്‍ എന്നും ഒരു ഭാവനാലോകം സൃഷ്ടിക്കുന്നു അതില്‍ നിന്നും മിഴിവാര്‍ന്ന കഥാപാത്രങ്ങള്‍ അവര്‍ മെനഞ്ഞെടുക്കുന്നു. പാവക്കൂത്ത് പോലെ അവരെകൊണ്ട് പലതും ചെയ്യിക്കുന്നു. കുറച്ചു യാഥാര്‍ത്ഥ്യത്തിന്‍റെ നിറങ്ങളും ചിലപ്പോള്‍ അക്കൂട്ടത്തില്‍ പകരുന്നുണ്ടാവാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുമ്പോള്‍ കഥാകാരി വിജയിക്കുന്നു. തോല്‍ക്കുന്നത് പലപ്പോഴും വായനക്കാര്‍ ..ഒരു പക്ഷെ ആ തോല്‍വിയില്‍ നിന്നല്ലേ അവര്‍ കൂടുതലും കൂരമ്പുകള്‍ ഏറ്റുവാങ്ങിയത് പുഷ്പഹാരങ്ങളെക്കാള്‍? കപട സദാചാര ബോധത്തില്‍ മുക്കി മുന കൂര്‍പ്പിച്ച അമ്പുകള്‍ ..അതൊന്നും കഥാകാരി അര്‍ഹിക്കുന്നുണ്ടായിരുന്നില്ല തീര്‍ച്ചയായും ...എത്രയോ മിഴിവാര്‍ന്ന കഥകള്‍ നമുക്ക് വച്ചു നീട്ടിയിട്ടും മലയാളികള്‍ക്കെന്നും താല്പര്യം അവര്‍ എഴുതിയ " എന്‍റെ കഥ " എന്ന ഒരു പുസ്തകത്തിനെ കീറി മുറിച്ച് അപഗ്രഥിക്കാന്‍ മാത്രമായിരുന്നു.
മാധവിക്കുട്ടിയുടെ രചനാശൈലിയോട് കിടപിടിക്കുന്ന അപൂര്‍വം ചില കഥാകൃത്തുക്കള്‍ ഇന്ന് നമുക്ക് ഉണ്ടെങ്കില്‍ ഞാന്‍ പറയും അത് നമ്മുടെ സ്വന്തം കഥാകാരി കല്ലും മുള്ളും നീക്കി ചെത്തി മിനുപ്പാക്കിയ പാതയിലൂടെ സന്തോഷമായി സഞ്ചരിക്കുന്നവര്‍ ആണെന്ന് !! കടപ്പെട്ടിരിക്കുക ഈ കഥാകാരിയോട്.
ഒരു പക്ഷെ സ്വാതന്ത്ര്യത്തിന്‍റെ വര്‍ണ്ണ ചിറകുകള്‍ വീശി അനന്തമായ നീലവിഹായസിലേക്ക് പറക്കാന്‍ കൊതിച്ചിരുന്ന എന്നിലെ കൌമാരകാലത്ത് ഞാന്‍ പ്രിയപെട്ടതാക്കിയ കഥാകാരിക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം അക്ഷരപൂക്കള്‍ കൊണ്ടൊരു ഹാരം...അതാണ് അത് മാത്രമാണ് ഈ അക്ഷരങ്ങള്‍....