Monday, June 24, 2013

Summer in Abu Dhabi ......

തീക്കനല്‍ പോലെ ജ്വലിച്ചു നില്‍ക്കുന്ന  ഗുല്‍മോഹര്‍പൂക്കള്‍ കടുത്ത വേനലിനു വശ്യതയാര്‍ന്ന ഒരു ചാരുത പകരുന്നില്ലേ ? 

തലയ്ക്കു മുകളില്‍ ചുട്ടു പഴുത്തു നില്‍ക്കുന്നു സൂര്യന്‍ . പലപ്പോഴും പുറത്തു പണിയെടുക്കുന്നവര്‍ ഈ വെയിലിന്‍റെ കാഠിന്യത്തില്‍ തളര്‍ന്നു പോവുന്നു . അവര്‍ക്ക് മധ്യാഹ്ന വിശ്രമത്തിനായി,  തണലേകി  ചിറകുവിരിച്ചു നില്‍ക്കുന്ന ഈന്തപ്പനകളിലൊക്കെയും പഴുത്ത് തുടങ്ങുന്ന ഈന്തപഴങ്ങള്‍..വേറൊരു കാഴ്ച ..

വേനലിന്‍റെ വിരസതകള്‍ ഇത്തവണ എന്നെ വേറിട്ട്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണോ ?

നീലാകാശത്തിനു താഴെ ചുവന്ന വസന്തമായി ഗുല്‍മോഹറും , ചമ്പയും , പിന്നെ പേരറിയാത്ത കുറെയേറെ പൂക്കളും കുട നിവര്‍ത്തുമ്പോള്‍,വേനലിനും സൌന്ദര്യം എന്ന തിരിച്ചറിവിലേക്ക് എനിക്ക് ക്യാമറയുമായി ഇറങ്ങാതെ വയ്യ ....
നാട്ടിലെ മഴയുടെ തണുപ്പ് മനസ്സില്‍ ഒരു  ലഹരിയായി പടര്‍ന്നുകയറുമ്പോഴും  ഇവിടെ ബാക്കി വച്ച് പോവുന്ന വേനലിന്‍റെ സൌന്ദര്യത്തിലൂടെ അലസമായി നടക്കാന്‍ ഒരു മോഹം ...........










 















പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ ...വന്നീ തണലിലിരുന്നാട്ടെ എന്ന് മന്ത്രിക്കുന്നുണ്ടോ നീ  ......


Monday, June 10, 2013

മാമ്പഴക്കാലം ............


ലുലുവിലെ MANGO MANIA ആണ് ഞങ്ങള്‍ക്ക് മാമ്പഴക്കാലം . ഒരു കൂട്ടം മാമ്പഴങ്ങളുടെ നടുവില്‍ എതെടുക്കണം എന്ന് പകച്ച്നിന്ന് അവസാനം നമ്മുടെ സ്വന്തം പ്രിയോര്‍,അല്ലെങ്കില്‍ മൂവാണ്ടന്‍ ഒക്കെ തേടിപിടിച്ചു കയ്യിലൊതുക്കി  മടങ്ങും. 


മാമ്പഴത്തിന്റെ മണം ആവാഹിക്കുമ്പോള്‍ കണ്ണുകള്‍ പതിയെ അടഞ്ഞു പോവും പിന്നെ അകക്കണ്ണ് തുറക്കുന്നത് മധ്യവേനലവിധിയില്‍ വീട്ടിലെ വിശാലമായ പറമ്പില്‍ കളിച്ചു തിമിര്‍ത്തു മാമ്പഴവും കാശുവിന്മാങ്ങയും ഒക്കെ പെറുക്കി കൂട്ടുകാരുമായി പങ്കുവച്ചു കഴിച്ച ആ കാലത്തിലേക്കയിരിക്കും....



ഇവിടെ ഇപ്പോള്‍ ഈന്തപ്പനകളിലും പഴങ്ങള്‍ മൂപ്പെത്താറാവുന്നു. അവയൊക്കെ പഴുക്കുമ്പോഴേക്കും  ഇവിടത്തെ  വേനലവധിയാവും ...കനയ്ക്കുന്ന ചൂടില്‍ നിന്നും മഴ തേടി ഞങ്ങളും അപ്പോള്‍  നാട്ടിലേക്ക് യാത്രയാവും. അവിടെ എത്തുമ്പോഴേക്കും തീര്‍ന്നു പോയ മാമ്പഴക്കാലം. ...നിറയെ മാമ്പഴവും കാത്തു വച്ച് നിങ്ങളെ ഇവിടെ  അവധിക്കാലത്ത് ഏറെ കാത്തുനിന്നു എന്തേ വന്നില്ല എന്ന് മാവിന്‍റെ ഇലകള്‍ പരിഭവം പൊഴിക്കുന്നുണ്ടാവും...അല്ലെങ്കില്‍ അതെന്‍റെ തോന്നലാവും ..






 മനസ്സില്‍ ഒരു മാമ്പഴക്കാലം സൂക്ഷിക്കുന്നവര്‍ക്ക് ... 


Related Posts Plugin for WordPress, Blogger...