ലുലുവിലെ MANGO MANIA ആണ് ഞങ്ങള്‍ക്ക് മാമ്പഴക്കാലം . ഒരു കൂട്ടം മാമ്പഴങ്ങളുടെ നടുവില്‍ എതെടുക്കണം എന്ന് പകച്ച്നിന്ന് അവസാനം നമ്മുടെ സ്വന്തം പ്രിയോര്‍,അല്ലെങ്കില്‍ മൂവാണ്ടന്‍ ഒക്കെ തേടിപിടിച്ചു കയ്യിലൊതുക്കി മടങ്ങും.
മാമ്പഴത്തിന്റെ മണം ആവാഹിക്കുമ്പോള്‍ കണ്ണുകള്‍ പതിയെ അടഞ്ഞു പോവും പിന്നെ അകക്കണ്ണ് തുറക്കുന്നത് മധ്യവേനലവിധിയില്‍ വീട്ടിലെ വിശാലമായ പറമ്പില്‍ കളിച്ചു തിമിര്‍ത്തു മാമ്പഴവും കാശുവിന്മാങ്ങയും ഒക്കെ പെറുക്കി കൂട്ടുകാരുമായി പങ്കുവച്ചു കഴിച്ച ആ കാലത്തിലേക്കയിരിക്കും....
ഇവിടെ ഇപ്പോള്‍ ഈന്തപ്പനകളിലും പഴങ്ങള്‍ മൂപ്പെത്താറാവുന്നു. അവയൊക്കെ പഴുക്കുമ്പോഴേക്കും ഇവിടത്തെ വേനലവധിയാവും ...കനയ്ക്കുന്ന ചൂടില്‍ നിന്നും മഴ തേടി ഞങ്ങളും അപ്പോള്‍ നാട്ടിലേക്ക് യാത്രയാവും. അവിടെ എത്തുമ്പോഴേക്കും തീര്‍ന്നു പോയ മാമ്പഴക്കാലം. ...നിറയെ മാമ്പഴവും കാത്തു വച്ച് നിങ്ങളെ ഇവിടെ അവധിക്കാലത്ത് ഏറെ കാത്തുനിന്നു എന്തേ വന്നില്ല എന്ന് മാവിന്‍റെ ഇലകള്‍ പരിഭവം പൊഴിക്കുന്നുണ്ടാവും...അല്ലെങ്കില്‍ അതെന്‍റെ തോന്നലാവും ..
മനസ്സില്‍ ഒരു മാമ്പഴക്കാലം സൂക്ഷിക്കുന്നവര്‍ക്ക് ...
No comments:
Post a Comment