Thursday, May 26, 2016

വേനല്‍ കിനാവ്‌


വെന്മേഘശകലങ്ങള്‍ ചിറകുകളെ തൊട്ടുരുമ്മിയപ്പോള്‍
വെറുതെ തിരിഞ്ഞു നോക്കുവാന്‍ തോന്നി.
എപ്പോഴാണ് എനിക്കീ ചിറകുകള്‍ മുളച്ചതും,
മൌന വത്മീകങ്ങള്‍ തച്ചുടച്ചതും ,
ഭാരമില്ലായ്മയുടെ തൂവലുകള്‍ പോഴിച്ചതും...
ഒന്നും ഓര്‍ത്തെടുക്കുവാന്‍ ആവുന്നില്ല..
സമയത്തിന്‍റെ അനന്തമായ ഇടനാഴിയില്‍ എപ്പോഴും ഇങ്ങിനെ ..
ബോധാബോധങ്ങളുടെ ഇരുളും വെളിച്ചവും പരസ്പരം കേട്ടുപിണയുന്നു.
വേര്‍തിരിചെടുക്കാനാവാത്ത തിരുശേഷിപ്പുകള്‍ ബാക്കിയാക്കികൊണ്ട് ..



മരുഭൂവിലെ വേനലിന്‍റെ വിളറിയ വിരസത..
ശോണിമയാര്‍ന്ന പൂക്കള്‍ ചൂടി ജ്വലിച്ചു നില്‍ക്കുന്ന പൂവാകകള്‍ ..
അത്തറിന്‍റെ മനം മയക്കുന്ന കസ്തൂരി ഗന്ധം
എങ്ങു നിന്നോ തെന്നി വരുന്ന അറേബ്യന്‍ ഗസലിന്‍റെ തേനൂറുന്ന 
ഈണത്തില്‍ വിടര്‍ന്നു പുഞ്ചിരിച്ച ഈന്തപ്പനയിലെ പൂക്കള്‍ ...
ഏതേതു സ്വപ്ന വീഥികളില്‍ ഈ കാഴ്ച്ചകളൊക്കെയും പോയ്‌ മറഞ്ഞു..
കനംവച്ച കണ്പോളകളില്‍ അറിയാതെ ഞാന്‍ ഒളിപ്പിച്ച കണ്ണുനീര്‍ത്തുള്ളികള്‍...
അവയ്ക്ക് മീതെ സാന്ത്വനത്തിന്‍റെ സ്നേഹ സ്പര്‍ശമാവാന്‍...
മഴയായ്‌ പെയ്തിറങ്ങാന്‍ നീ എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവാം!!
വിഷാദങ്ങളാകുന്ന കാര്‍മേഘങ്ങള്‍ വൃഥാ കൂടുകൂട്ടുമ്പോള്‍ 
ഇനിയും നിന്‍റെ വാക്കുകള്‍ സൂര്യനായി ജ്വലിക്കണം...
എല്ലാം നിഷ്പ്രഭാമാവണം...
നിന്‍റെ കത്തിജ്വലിക്കുന്ന തേജസിന് മുന്നില്‍ ... "ഞാന്‍" പോലും

                                      ***************************************




No comments:

Post a Comment

Related Posts Plugin for WordPress, Blogger...